Hero Image

എസ്എസ്എല്സി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് നാലിന് ആണ് പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്.

70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കും. ഹയർസെക്കൻഡറി പരീക്ഷകൾ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തില്‍ പങ്കെടുക്കും.

ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.

ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കുന്നുണ്ട്. മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

READ ON APP